This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍സ്റ്റന്റീന്‍ I

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍സ്റ്റന്റീന്‍ I

Constantine I (280 - 337)

റോമന്‍ ചക്രവര്‍ത്തി. ഫ്‌ളോവിയസ്‌ വലേറിയസ്‌ ഒറേലിയസ്‌ കോണ്‍സ്റ്റന്റിനസ്‌ എന്നാണ്‌ പൂര്‍ണമായ നാമം. "മഹാനായ കോണ്‍സ്റ്റന്റീന്‍' എന്ന്‌ ഇദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുന്നു. റോമാചരിത്രത്തേയും ക്രിസ്‌തീയ വിശ്വാസത്തേയും സമഗ്രമായി സ്വാധീനിച്ചിട്ടുള്ള ചക്രവര്‍ത്തിയാണ്‌ കോണ്‍സ്റ്റന്റീന്‍.

എ.ഡി. 280 ഫെ. 27-ന്‌ യൂഗോസ്ലാവിയയിലെ നൈസസില്‍ (നിസ്‌) റോമാചക്രവര്‍ത്തിയായ കോണ്‍സ്റ്റന്‍ഷ്യസ്‌ I-ന്റെ മകനായി ജനിച്ചു. ബാല്യകാലം സീനിയര്‍ ചക്രവര്‍ത്തിയായ ഡയോക്ലിഷന്റെ നിക്കോമീഡിയയിലെ (ഇന്നത്തെ ടര്‍ക്കിയിലെ ഇസ്‌മിറ്റ്‌ പട്ടണത്തില്‍) ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലായിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ കോണ്‍സ്റ്റന്റീന്‌ ഈജിപ്‌തിലെ ഒരു യുദ്ധക്കളത്തിലേക്കു ഡയോക്ലിഷന്‍ ചക്രവര്‍ത്തിയെ അനുഗമിക്കേണ്ടിവന്നു. തുടര്‍ന്ന്‌ ഡാന്യൂബ്‌ തീരത്തുവച്ചുണ്ടായ ഒരു യുദ്ധത്തില്‍ ഇദ്ദേഹം വിജയം കൈവരിച്ചു.

എ.ഡി. 305-ല്‍ കോണ്‍സ്റ്റന്റീന്‍ പിതാവിനോടൊത്ത്‌ ബ്രിട്ടനില്‍ കടക്കുകയും നിര്‍ണായകങ്ങളായ ചില യുദ്ധങ്ങളില്‍ വിജയിക്കുകയും ചെയ്‌തു. 312-ല്‍ ഇറ്റലി ആക്രമിക്കുകയും റോമിനു സമീപമുള്ള മില്‍വിയല്‍ ബ്രിഡ്‌ജ്‌ യുദ്ധത്തില്‍ തന്റെ ഭാര്യാസഹോദരനായ മാക്‌സെന്‍ഷ്യസിനെ ഇദ്ദേഹം പരാജയപ്പെടുത്തുകയും ചെയ്‌തു. ഡെപ്യൂട്ടിചക്രവര്‍ത്തിയായ ലിസിനിയസുമായി സഖ്യത്തിലേര്‍പ്പെട്ടെങ്കിലും 316-ല്‍ ബാള്‍ക്കന്‍ പ്രദേശങ്ങള്‍ കോണ്‍സ്റ്റന്റീനു വിട്ടുകൊടുക്കേണ്ടിവന്നു. കൂടാതെ 324-ല്‍ കോണ്‍സ്റ്റന്റീന്‍ ആഡ്രിയാനോപ്പിളിലും ക്രസോപെലിസിലും ലിസിനിയസിനെ പരാജയപ്പെടുത്തി മുഴുവന്‍ സാമ്രാജ്യത്തിന്റെയും അധിപനായിത്തീര്‍ന്നു. ഈ വിജയത്തിനുശേഷം, കോണ്‍സ്റ്റന്റീന്‍ ഉറച്ച ക്രൈസ്തവ മതവിശ്വാസിയായി മാറി. ഇദ്ദേഹത്തെ ക്രിസ്‌തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ച സ്‌പെയിനിലെ ബിഷപ്പായിരുന്ന ഹോഷ്യസ്‌ ആണ്‌. രാഷ്‌ട്രീയവും ഭരണപരവുമായ സംവിധാനമായ മിലാന്‍ ശാസനം (Edit of Milan) അനുസരിച്ചു കോണ്‍സ്റ്റന്റീന്‍ ക്രൈസ്തവര്‍ക്കു മതസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തുവെന്നുമാത്രമല്ല, അതുവരെ മര്‍ദിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്‌ത ക്രിസ്‌ത്യാനികളുടെ അവകാശങ്ങള്‍ തിരികെ നല്‌കുകയും ചെയ്‌തു. ലാറ്ററനിലെ രാജകീയ വസ്‌തുക്കള്‍ 313-ല്‍ത്തന്നെ ഇദ്ദേഹം റോമാബിഷപ്പിന്‌ സമ്മാനിച്ചിരുന്നു.

കോണ്‍സ്റ്റന്റിനോപ്പിള്‍ (ഇസ്‌താന്‍ബുള്‍) നഗരം സ്ഥാപിച്ചത്‌ കൂടാതെ കിഴക്കന്‍ റോമാസാമ്രാജ്യത്തിന്റെ സാംസ്‌കാരികവും രാഷ്‌ട്രീയവുമായ മഹത്ത്വത്തിന്‌ അടിത്തറപാകുകയും ക്രിസ്‌തുമതത്തെ ഔദ്യോഗികമതമാക്കുകയും ക്രൈസ്തവസഭയ്‌ക്കും പുരോഹിതന്മാര്‍ക്കും സാമ്പത്തികവും നിയമപരവുമായ പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊടുക്കുകയും ചെയ്‌തു. ദൈവീകമായ ചുമതലകള്‍ നിര്‍വഹിക്കുന്ന പാതിരിമാര്‍ രാഷ്‌ട്രത്തിന്‌ ഒരു മുതല്‍ക്കൂട്ടാണെന്നായിരുന്നു കോണ്‍സ്റ്റന്റീന്റെ അഭിപ്രായം. റോമാസാമ്രാജ്യത്തിലെ പൗരാണിക മതപ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ മടിച്ച കോണ്‍സ്റ്റന്റീന്‌ റോമാക്കാരുടെ ശക്തമായ പ്രതിഷേധം സഹിക്കേണ്ടിവന്നിട്ടുണ്ട്‌.

ലിസിനിയസിനെ പരാജയപ്പെടുത്തിയശേഷം അദ്ദേഹം ബൈസാന്റിയം നഗരത്തെ കോണ്‍സ്റ്റന്റിനോപ്പിള്‍ (ഇന്നത്തെ ഇസ്‌താന്‍ബൂള്‍) എന്നു നാമകരണം ചെയ്‌തു (എ.ഡി. 324). റോമില്‍നിന്നു മടങ്ങിയെത്തിയ ഉടന്‍ ഈ നഗരത്തെ തന്റെ സാമ്രാജ്യതലസ്ഥാനമാക്കി ഉയര്‍ത്തി പുതുക്കിപ്പണിതു. അതിനെ "പുതിയ റോം' ആയി ചക്രവര്‍ത്തി വാഴ്‌ത്തി. ഈ നഗരത്തെ 330 മേയില്‍ രാഷ്‌ട്രത്തിനു സമര്‍പ്പിച്ചതോടെ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരും റോമാനഗരവും തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്‌തു. അതോടുകൂടി റോമാ നഗരം ഒറ്റപ്പെട്ട ഒരു ചരിത്രസ്‌മാരകമായി, സാമ്രാജ്യത്തിന്റെ വൈകാരികകേന്ദ്രമായി അവശേഷിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ പള്ളികള്‍ പണിയുന്നതിനു ചക്രവര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. ദ ചര്‍ച്ച്‌ ഒഫ്‌ ഹോളി വിസ്‌ഡം (The Church of Holy wisdom), ദ ചര്‍ച്ച്‌ ഒഫ്‌ ദ്‌ അപ്പോസ്റ്റല്‍സ്‌ (The Church of the Apostles). റോമിലെ സെന്റ്‌ പീറ്റര്‍ പള്ളി, ട്രൈര്‍ (Trier), അക്യൂലിയ (Aquileea), ചിര്‍ത (Cirta), നിക്കോമീഡിയ (Nicomedia), അന്ത്യോഖ്യ (Antioch), ഗാസ (Gaza), അലക്‌സാന്‍ഡ്രിയ (Alexandria) മുതലായ സ്ഥലങ്ങളില്‍ ഇന്നു കാണുന്ന അതിപുരാതന പള്ളികള്‍ എന്നിവഎല്ലാം കോണ്‍സ്റ്റന്റീന്‍ പണി കഴിപ്പിച്ചവയാണ്‌. ശയ്യാവലംബിയായി നിക്കോമീഡിയയില്‍ കഴിയുന്ന വേളയിലാണ്‌ അദ്ദേഹത്തിനു മാമ്മോദീസാകര്‍മം നടത്തി ക്രിസ്‌ത്യാനി ആയിത്തീരാന്‍ സാധിച്ചത്‌. 337 മേയ്‌ 22-ന്‌ കോണ്‍സ്റ്റന്റീന്‍ അന്തരിച്ചു. "ചര്‍ച്ച്‌ ഒഫ്‌ ദ്‌ അപ്പോസ്റ്റല്‍സ്‌" പള്ളിയില്‍ ഭൗതികാവശിഷ്‌ടം അടക്കം ചെയ്‌തു. നോ. കോണ്‍സ്റ്റന്‍സ്‌ ഹ

(ഡോ. എ.ജി. മേനോന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍